Universalis
Tuesday 22 January 2019    (other days)
Tuesday of week 2 in Ordinary Time

Readings at Mass

Liturgical Colour: Green.


ഒന്നാം വായന
ഹെബ്രാ 6:10-20
പ്രത്യാശ നമ്മുടെ ആത്മാവിന്റെ സുരക്ഷിതവും സുസ്ഥിരവുമായ നങ്കൂരം പോലെയാണ്.
പ്രിയപ്പെട്ടവരേ, നിങ്ങളുടെ പ്രവൃത്തികളും, വിശുദ്ധര്‍ക്കു നിങ്ങള്‍ ചെയ്തതും ചെയ്യുന്നതുമായ ശുശ്രൂഷയിലൂടെ തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും വിസ്മരിക്കാന്‍ മാത്രം നീതിരഹിതനല്ലല്ലോ ദൈവം. നിങ്ങളില്‍ ഓരോരുത്തരും നിങ്ങളുടെ പ്രത്യാശയുടെ പൂര്‍ത്തീകരണത്തിനായി അവസാനംവരെ ഇതേ ഉത്സാഹം തന്നെ കാണിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. അങ്ങനെ, നിരുത്സാഹരാകാതെ വിശ്വാസവും ദീര്‍ഘക്ഷമയുംവഴി വാഗ്ദാനത്തിന്റെ അവകാശികളായവരെ അനുകരിക്കുന്നവരാകണം നിങ്ങള്‍.
  ദൈവം അബ്രാഹത്തിനു വാഗ്ദാനം നല്‍കിയപ്പോള്‍, തന്നെക്കാള്‍ വലിയവനെക്കൊണ്ടു ശപഥം ചെയ്യാന്‍ ആരുമില്ലാതിരുന്നതിനാല്‍, തന്നെക്കൊണ്ടു തന്നെ ശപഥം ചെയ്തു പറഞ്ഞു: നിശ്ചയമായും നിന്നെ ഞാന്‍ അനുഗ്രഹിക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യും. അബ്രാഹം ദീര്‍ഘക്ഷമയോടെ കാത്തിരുന്ന് ഈ വാഗ്ദാനം പ്രാപിച്ചു. മനുഷ്യര്‍ തങ്ങളെക്കാള്‍ വലിയവനെക്കൊണ്ടാണല്ലോ ശപഥം ചെയ്യുന്നത്. ശപഥമാണ് അവരുടെ എല്ലാ തര്‍ക്കങ്ങളും തീരുമാനിക്കുന്നതില്‍ അവസാനവാക്ക്. ദൈവം തന്റെ തീരുമാനത്തിന്റെ അചഞ്ചലത വാഗ്ദാനത്തിന്റെ അവകാശികള്‍ക്കു കൂടുതല്‍ വ്യക്തമാക്കിക്കൊടുക്കാന്‍ നിശ്ചയിച്ചപ്പോള്‍ ഒരു ശപഥത്താല്‍ ഈ തീരുമാനം ഉറപ്പിച്ചു. മാറ്റമില്ലാത്തതും ദൈവത്തെ സംബന്ധിച്ചു വ്യാജമാകാത്തതുമായ ഈ രണ്ടു കാര്യങ്ങളിലൂടെ നമ്മുടെ മുന്‍പില്‍ വയ്ക്കപ്പെട്ടിരിക്കുന്ന പ്രത്യാശയെ മുറുകെപ്പിടിക്കുന്നതിനു യത്‌നിക്കുന്ന നമുക്കു വലിയ പ്രോത്സാഹനം ലഭിക്കുന്നു. ഈ പ്രത്യാശ നമ്മുടെ ആത്മാവിന്റെ സുരക്ഷിതവും സുസ്ഥിരവുമായ നങ്കൂരംപോലെയാണ്. നമ്മുടെ മുന്നോടിയായി യേശു മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം എന്നേക്കും പുരോഹിതനായിക്കൊണ്ട്, ഏതു വിരിക്കുള്ളില്‍ പ്രവേശിച്ചുവോ അതേ വിരിക്കുള്ളിലേക്ക് ഈ പ്രത്യാശ കടന്നുചെല്ലുന്നു.

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 111:1-2,4-5,9,10c
കര്‍ത്താവ് തന്റെ ഉടമ്പടിയെ എപ്പോഴും അനുസ്മരിക്കുന്നു.
or
അല്ലേലൂയ!
കര്‍ത്താവിനെ സ്തുതിക്കുവിന്‍!
നീതിമാന്മാരുടെ സംഘത്തിലും സഭയിലും
പൂര്‍ണഹൃദയത്തോടെ ഞാന്‍ കര്‍ത്താവിനു നന്ദിപറയും.
കര്‍ത്താവിന്റെ പ്രവൃത്തികള്‍ മഹനീയങ്ങളാണ്;
അവയില്‍ ആനന്ദിക്കുന്നവര്‍ അവ ഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നു.
കര്‍ത്താവ് തന്റെ ഉടമ്പടിയെ എപ്പോഴും അനുസ്മരിക്കുന്നു.
or
അല്ലേലൂയ!
തന്റെ അദ്ഭുതപ്രവൃത്തികളെ അവിടുന്നു സ്മരണീയമാക്കി;
കര്‍ത്താവു കൃപാലുവും വാത്സല്യനിധിയുമാണ്.
തന്റെ ഭക്തര്‍ക്ക് അവിടുന്ന് ആഹാരം നല്‍കുന്നു;
അവിടുന്നു തന്റെ ഉടമ്പടിയെ എപ്പോഴും അനുസ്മരിക്കുന്നു.
കര്‍ത്താവ് തന്റെ ഉടമ്പടിയെ എപ്പോഴും അനുസ്മരിക്കുന്നു.
or
അല്ലേലൂയ!
അവിടുന്നു തന്റെ ജനത്തെ വീണ്ടെടുത്തു;
അവിടുന്നു തന്റെ ഉടമ്പടി ശാശ്വതമായി ഉറപ്പിച്ചു;
വിശുദ്ധവും ഭീതിദായകവുമാണ് അവിടുത്തെ നാമം.
അവിടുന്ന് എന്നേക്കും സ്തുതിക്കപ്പെടും!
കര്‍ത്താവ് തന്റെ ഉടമ്പടിയെ എപ്പോഴും അനുസ്മരിക്കുന്നു.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം
സങ്കീ 118:18
അല്ലേലൂയാ, അല്ലേലൂയാ!
അങ്ങയുടെ പ്രമാണങ്ങളുടെ വൈശിഷ്ട്യം ദര്‍ശിക്കാന്‍
എന്റെ കണ്ണുകള്‍ തുറക്കണമേ!
അല്ലേലൂയാ!
Or:
cf. എഫേ 1:17,18
അല്ലേലൂയാ, അല്ലേലൂയാ!
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവ്
ഏതുതരത്തിലുള്ള പ്രത്യാശയിലേക്കാണ്
നിങ്ങളെ വിളിച്ചിരിക്കുന്നതെന്നറിയാന്‍
നിങ്ങളുടെ ആന്തരിക നേത്രങ്ങളെ പ്രകാശിപ്പിക്കട്ടെ.
അല്ലേലൂയാ!

സുവിശേഷം
മാര്‍ക്കോ 2:23-28
സാബത്ത് മനുഷ്യനുവേണ്ടിയാണ്; മനുഷ്യന്‍ സാബത്തിനുവേണ്ടിയല്ല,
ഒരു സാബത്തുദിവസം യേശു വിളഞ്ഞുകിടക്കുന്ന ഒരു വയലിലൂടെ പോവുകയായിരുന്നു. പോകുമ്പോള്‍, ശിഷ്യന്മാര്‍ കതിരുകള്‍ പറിക്കാന്‍ തുടങ്ങി. ഫരിസേയര്‍ അവനോടു പറഞ്ഞു: സാബത്തില്‍ നിഷിദ്ധമായത് അവര്‍ ചെയ്യുന്നത് എന്തുകൊണ്ട്? അവന്‍ ചോദിച്ചു: ദാവീദും അനുചരന്മാരും കൈവശം ഒന്നുമില്ലാതെ വിശന്നുവലഞ്ഞപ്പോള്‍ എന്തുചെയ്തുവെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ? അബിയാഥാര്‍ പ്രധാനപുരോഹിതനായിരിക്കെ ദാവീദ് ദേവാലയത്തില്‍ പ്രവേശിച്ച്, പുരോഹിതന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും ഭക്ഷിക്കാന്‍ അനുവാദമില്ലാത്ത കാഴ്ചയപ്പം ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവര്‍ക്കു കൊടുക്കുകയും ചെയ്തില്ലേ? അവന്‍ അവരോടു പറഞ്ഞു: സാബത്ത് മനുഷ്യനുവേണ്ടിയാണ്; മനുഷ്യന്‍ സാബത്തിനുവേണ്ടിയല്ല. മനുഷ്യപുത്രന്‍ സാബത്തിന്റെയും കര്‍ത്താവാണ്.

The readings on this page are from the Jerusalem Bible, which is used at Mass in most of the English-speaking world. The New American Bible readings, which are used at Mass in the United States, cannot be shown here for copyright reasons, but the Universalis apps, programs and downloads do contain them.

You can also view this page with the Gospel in Greek and English.

  This web site © Copyright 1996-2019 Universalis Publishing Ltd · Contact us · Cookies/privacy
(top